From his speech at the Malayala Chalachithra Parishath’s Condolence Meeting, held to honour her memory.

അതൊരസഹ്യമായ ആഘാതമായിരുന്നു – ആ പത്രവാർത്ത! ഏതാനും ആഴ്ചകൾക്കു മുന്പാണ് കുമാരിയെ നേരിട്ട് കണ്ടു സംസാരിച്ചത്. ഞങ്ങളൊരുമിച്ചു ചലച്ചിത്ര രംഗത്ത് പ്രവർത്തിച്ച കാലത്തെ ചില സംഭവങ്ങൾ അയവിറക്കിയത്. അടുത്ത് തന്നെ വീണ്ടും കാണാമെന്നു പറഞ്ഞു പിരിഞ്ഞതും. ആ വാഗ്ദാനം ഒരിക്കലും പാലിക്കപ്പെടുകയില്ലെന്നും അത് നൽകിയ സഹോദരി ഇത്രവേഗം വേദനിപ്പിക്കുന്ന ഓര്മയായിത്തീരുമെന്നും ആരറിഞ്ഞു!

നിഷ്കളങ്കമായ പുഞ്ചിരിവിരിഞ്ഞു നിൽക്കുന്ന ആ വദനവും വിനയം തുളുമ്പുന്ന വാക്കും പെരുമാറ്റവും അതിലെല്ലാം വഴിഞ്ഞൊഴുകുന്ന ആത്മാർത്ഥതയും എങ്ങിനെ മറക്കും? അവയുടെ ഉടമസ്ഥയുമായി ഞാനാദ്യം പരിചയപ്പെട്ടത് അനേക വർഷങ്ങൾക്കു മുൻപാണ്‌. എന്റെ ജീവിതത്തിന്റെ നല്ലൊരംശം ചിലവഴിച്ച ആലപ്പുഴയിൽ വെച്ച് അവിടത്തെ ഉദയ സ്റ്റുഡിയോയിൽ നിർമിച്ച ആദ്യ ചിത്രമായ ‘വെള്ളിനക്ഷത്രത്തിൽ’ ഒരു കൊച്ചു ഭാഗമഭിനയിക്കുന്നതിനായി ഭരണങ്ങാനത്തുനിന്നുമെത്തിയ ഒരു പാവപ്പെട്ട പെൺകുട്ടിയുമായിട്ട് ആ ചിത്രത്തിൽ കയ്യിൽ ദേശീയ പതാകയുമേന്തി ‘തൃക്കൊടി തൃക്കൊടി’ എന്ന ഗാനം പാടിയ ത്രേസ്യാമ്മയാണ് പിൽക്കാലത്ത് കുമാരി എന്ന പേരിൽ മലയാളത്തിലെ ഏറ്റവും പ്രശസ്ത സിനിമ താരമായിത്തീർന്നതെന്ന കഥ ഇന്നത്തെ സിനിമ പ്രേമികൾക്ക് അറിവില്ലായിരിക്കാം. പഴമക്കാരിൽ പലരും മറന്നിരിക്കാം.

എന്നാൽ ആ പെൺകുട്ടിയുടെ  പടിപടിയായുള്ള കലാപരമായുള്ള വളർച്ചയും അതിന്റെ പിറകിലുള്ള അക്ഷീണവും ആത്മാർത്ഥവുമായ പരിശ്രമവും നേരിട്ടറിയാവുന്ന എന്നെ പോലുള്ളവർക്ക് കുമാരി എന്നും ആനന്ദവും അഭിമാനവുമുണർത്തുന്ന ഒരു മധുരസ്മരണയായി നിലനിൽക്കും.

മലയാള ചലച്ചിത്രങ്ങളുടെ ആരംഭകാലം തൊട്ട് അവയുമായി ബന്ധപ്പെടുവാനിടയായ എനിക്ക് പലതരത്തിലുള്ള താരങ്ങളുമായി പരിചയപ്പെടുവാനും സന്ദര്ഭമുണ്ടായിട്ടുണ്ട്. അവരിൽ അസാമാന്യമായ കലാപാടവമുള്ളവരുണ്ട്. അത്യാകർഷകമായ ആകാരമുള്ളവരുണ്ട്.ആരെയും അടിപണിയിക്കുന്ന ആത്മവിശ്വാസികളുണ്ട്. ആരുടേയും അടിപണിയുവാൻ അശേഷം മടിക്കാത്തവരുമുണ്ട്. എന്നാൽ ഇവരിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ വ്യക്തി വിശേഷത്തോടുകൂടിയ ഒരു നടിയായിട്ടാണ് കുമാരി എന്റെ ശ്രദ്ധ ആകർഷിച്ചത്.

കുമാരിയുടെ മൂന്നാമത്തെ ചിത്രമായ ‘ശശിധരൻ‘ ന്റെ ഷൂട്ടിംഗ് നടക്കുന്ന കാലത്താണ് ഞങ്ങളൊരുമിച്ചു്  ആദ്യമായി പ്രവർത്തിക്കാനിടയായത്. ‘ശശിധര’ ന്റെ സംവിധാനസഹായകനെന്ന നിലയിൽ പ്രധാന നടീനടന്മാർക്ക് സംഭാഷണം, അഭിനയം എന്നിവ സംബന്ധിച്ചുള്ള നിർദ്ദേശം നൽകുന്ന ചുമതല സംവിധായകനായ ശ്രീ ജാനകി റാം എന്നെയാണേൽപ്പിച്ചത്. അന്നാണ് കുമാരിയുടെ വിനയവും, ആത്മാർത്ഥതയും എനിക്കാദ്യമായ് അനുഭവപ്പെട്ടത്. അദ്ധ്യാപകന് തൃപ്തിയായാലും വിദ്യാർത്ഥി വിടില്ല എന്ന മട്ടിൽ കുമാരി സെറ്റിലുള്ള സംവിധായകനെയും സംഭാഷണ രചയിതാവിനെയും മറ്റും നിർദേശങ്ങൾക്കും ഉപദേശങ്ങൾക്കുമായി ശല്യപ്പെടുത്തുമായിരുന്നു. എത്ര തവണ പറഞ്ഞു കൊടുത്താലും സന്തോഷ പൂർവം കേൾക്കും. എത്ര പ്രാവശ്യം റിഹേർസൽ നടത്തിയാലും മുഷിയുകയില്ല. ഷൂട്ടിംഗ് ആരംഭിക്കുന്നതുവരെ സംഭാഷണം സ്വയം ഉരുവിട്ടുകൊണ്ടിരിക്കും. ഭാവാഭിനയം നടത്തിയിട്ട് മതിയോയെന്നു പലതവണ ചോദിക്കും. മതിയെന്ന് സകലരും സമ്മതിച്ചാലും മതിവരാതെ വീണ്ടും അഭിനയിക്കും – ഇതായിരുന്നു കുമാരിയുടെ പതിവ്.

ആ ആദ്യകാലത്താരംഭിച്ച പതിവ് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയിട്ടും കുമാരി ഉപേക്ഷിച്ചില്ല. ‘വെള്ളിനക്ഷത്ര‘ ത്തിലൂടെ വെള്ളി വെളിച്ചത്തിലേയ്ക്കു കടന്നു വന്ന കുമാരി മലയാള ചലച്ചിത്ര നഭസ്സിലെ വെള്ളിനക്ഷത്രമായി വെട്ടിത്തിളങ്ങുമ്പോഴാണ് പെട്ടെന്ന് മറഞ്ഞത്. അതിനു ശേഷം അനേകം നക്ഷത്രങ്ങൾ ആ നഭസ്സിൽ ഉദിച്ചുയർന്നുവെങ്കിലും ആ വെള്ളിനക്ഷത്രത്തിന്റെ വിടവ് ഇന്നും അവശേഷിക്കുന്നു.

അകാലത്തിൽ പൊലിഞ്ഞ ആ വെള്ളിനക്ഷത്രത്തിന്റെ വേദനയുണർത്തുന്ന ഓര്മക്കുമുന്പിൽ, കണ്ണീർപ്പൂക്കളർപ്പിക്കുകയല്ലേ തരമുള്ളൂ!.

News that I couldn’t digest. It was only a few weeks back that we had met and reminisced about old memories, promising to meet soon. Alas, it was not to be.

An innocent smile, humility, well behaved nature and above all, a sincere person, that was what Kumari was. I first met her in Alleppey, where she had come to act in ‘Vellinakshatram’, albeit in a small role. Many do not know the hard work behind the story of this innocent girl, Thressiamma, whose first scene was to enact a song, becoming one of malayalam’s leading ladies, Miss Kumari. But for people like me, who have seen her grow as an artiste, she will always remain a sweet memory.

I have seen many artists in my life, from the early stages of Malayalam movie industry. However, what sets Kumari apart from all of them is her character, which was so different from others. I first worked with her during the shooting of her third movie ‘Shashidharan’. As a part of director’s team, I was tasked with explaining the scenes to artistes and that was when I experienced Kumari’s sincerity and humility. Multiple takes or instructions never bothered her. In fact, she would rehearse her scenes till we said fine. Always happy to carry out any instructions till everything was perfect. She never ceased to perform thus even after she became a star. Many stars have come after her, but she continues to shine bright in our hearts. We can only remember her and offer our prayers and flowers.

Categories: Memories

Leave a Reply

Your email address will not be published. Required fields are marked *