From his speech at the Malayala Chalachithra Parishath’s Condolence Meeting, held to honour her memory.

മിസ് കുമാരിയുടെ അപ്രതീക്ഷിതവും ആകസ്മികവുമായ മരണവാർത്ത ഒരു ഞെട്ടലോടെയാണ് ഞാൻ ശ്രവിച്ചത്. ഇപ്പോഴും അത് വിശ്വസിക്കാൻ എന്റെ മനസ്സ് കൂട്ടാക്കിയിട്ടില്ല. മലയാളസിനിമയുടെ ശൈശവദശതൊട്ട് ചലച്ചിത്രരംഗത്തെ തന്റെ അസാമാന്യമായ കലാവൈഭവം കൊണ്ട് പോഷിപ്പിച്ച് ഇന്നത്തെ അസൂയാവഹമായ നിലയിലേക്കു വളർത്തിക്കൊണ്ടുവന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് ശ്രീമതി കുമാരി.

നല്ലതങ്ക തൊട്ട് ബാല്യസഖി, നീലക്കുയിൽ, പാടാത്ത പൈങ്കിളി, മറിയക്കുട്ടി, ഭക്തകുചേല, അരക്കില്ലം, മുടിയനായ പുത്രൻ, അങ്ങനെ എത്രയെത്ര മലയാളചിത്രങ്ങൾ ആ സഹോദരിയുടെ അസൂയാർഹമായ കലാവൈദഗ്ധ്യത്തിനു സാക്ഷികളായി നിലകൊള്ളുന്നു.

സെറ്റിൽ പ്രവർത്തിക്കുമ്പോഴും ഷോട്ടുകൾ എടുക്കുമ്പോഴും സ്വയം മറന്ന് – ചിലപ്പോൾ ജീവൻ പോലും പണയപ്പെടുത്തി – കുമാരി തന്റെ ഭാഗം മികച്ചതാക്കാൻ ശ്രമിക്കാറുണ്ട്. നീലക്കുയിലിലെ നീലി ഓടുന്ന തീവണ്ടിക്കു മുമ്പിൽ ചാടാൻ ശ്രമിക്കുന്ന രംഗം ഇപ്പോഴും ഓർക്കുമ്പോൾ നടുങ്ങുന്നു. ഇരമ്പിപ്പായുന്ന തീവണ്ടിയുടെ മൂന്നടി സമീപത്ത് ഇഴഞ്ഞെത്തിയിട്ടും കുമാരി നിർത്തിയില്ല, എൻജിൻൻ്റെ ശബ്ദം കാരണം ഞങ്ങൾ അകലെ നിന്ന് കട്ട് പറഞ്ഞത് അവർ കേട്ടുമില്ല. തലനാരിഴക്കാണ് അന്നവർ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ലളിതമായ ജീവിതരീതി, ഇടപഴകുന്ന എല്ലാവരോടുമുള്ള ആത്മാർഥമായ പെരുമാറ്റം, സഹപ്രവർത്തകരോടുള്ള അങ്ങേയറ്റത്തെ ബഹുമാനം, ഒരു വലിയ താരമാണെന്നു തോന്നിക്കാത്ത എപ്പോഴുമുള്ള വിനയം, ഇങ്ങനെ മറക്കാൻ പറ്റാത്ത നിരവധി ഗുണങ്ങളുള്ള കലാകാരിയായിരുന്നു കുമാരി.

വ്യക്തിപരമായി ഞാനവരുടെ ഏറ്റവും അടുത്ത സുഹൃത്തും കുടുംബബന്ധുവുമാണെന്നു പറയാം. ഭരണങ്ങാനത്തെ അവരുടെ കൊച്ചുവീട്ടിലെ സ്നേഹം നിറഞ്ഞ ആതിഥ്യം സ്വീകരിച്ചവരാരും,അതിന്റെ മാധുര്യം മറക്കില്ല. സിനിമാരംഗത്തും നാടകവേദിയിലും അവരോടൊപ്പം പ്രവർത്തിച്ചവരൊക്കെ അവരുടെ നിർമലമായ വ്യക്തിത്വം അനുഭവിച്ചറിഞ്ഞവരാണ്. 

I was shocked to hear about Miss Kumari’s demise, unable to digest it. She was among the few who have been part of Malayalam film industry from its infancy and has seen it and nurtured it to grow to the envious level today.

Starting from Nallathanka and continuing her glorious work in so many more movies, her talent is visible in many such creations. Her commitment is unparalleled and brings to memory one such instance. In Neelakuyil, in a scene where she is expected to jump in front of a running train, she crawled her way too close to the incoming train, oblivious of the fact that we had called cut. She escaped death by a whisker that day.

Humility, simplicity, a well behaved nature, be it with colleagues or family; were all trademark characteristics of Kumari, the great artiste. Personally, I was among her best friends and have visited her home multiple times. All her costars and colleagues and anyone who has visited her home, will never forget her sweet hospitality. 

Categories: Memories

Leave a Reply

Your email address will not be published. Required fields are marked *