Reproduced with kind permission from the author, M Jayaraj


പ്രശസ്ത കവി പാലാ നാരായണന്‍ നായര്‍ സിനിമയ്ക്കുവേണ്ടി ആദ്യമായി ഗാനചരന നിര്‍വഹിച്ച ചിത്രമാണ് അവരുണരുന്നു. വയലാര്‍ രാമവര്‍മയും ഈ ചിത്രത്തിനുവേണ്ടി പാട്ടുകള്‍ എഴുതിയിട്ടുണ്ട്. മുതുകുളമാണ് കഥയും സംഭാഷണവും രചിച്ചത്. ജന്മി-മുതലാളി-ഭൂപ്രഭുത്വത്തിന്‍റെ അനീതിക്കും അക്രമത്തിനുമെതിരേ ഉയിര്‍ത്തെഴുന്നേല്ക്കുന്ന തൊഴിലാളിവര്‍ഗത്തിന്‍റെ പോരാട്ടങ്ങളുടെ കഥ ഇതനകം പലതവണ മലയാളത്തില്‍ കണ്ടുകഴിഞ്ഞതാണ്. പഴയ വീഞ്ഞുതന്നെ പുതുമയൊന്നുമില്ലാതെ പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കുകയാണ് എന്‍.ശങ്കരന്‍ നായര്‍.

തമ്പിയദ്ദേഹമാണ് ജന്മി. അദ്ദേഹത്തിന്‍റെ മകന്‍ ഫാക്ടറി ഉടമയായ രവി, മുതലാളിയും, ജന്മിയുടെയും മുതലാളിയുടെയും ഹീനപ്രവൃത്തികള്‍ക്കെല്ലാം പ്രോത്സാഹനം നല്‍കിക്കൊണ്ട് ജന്മിയുടെ ഭാര്യയും മുതലാളിയുടെ അമ്മയുമായ ഭാരതിയും സജീവമായി രംഗത്തുണ്ട്. ജന്മിക്കെതിരായി ഉണര്‍ന്നെഴുന്നേല്ക്കുന്നത് യുവകര്‍ഷകനായ ഭാസിയാണ്. മുതലാളീക്കെതിരായി തൊഴിലാളിപ്രമുഖനായ മാധവനും. മാധവന്‍റെ പെങ്ങള്‍ ലീല, തമ്പിയദ്ദേഹത്തിന്‍റെ വളര്‍ത്തുമകളായി കഴിയുകയാണ്. രവിമുതലാളി തന്‍റെ ദൗത്യം തൊഴിലാളി മര്‍ദനത്തില്‍ നിന്ന് സ്ത്രീപീഡനത്തിലേക്കും വ്യാപിപ്പിക്കുന്നുണ്ട്. ഇരവീട്ടില്‍ വളര്‍ത്തുമകളായി കഴിയുന്ന ലീലയും. എന്നാല്‍ ലീല ഇതിനകം ഭാസിയുമായി തീവ്രപ്രണയത്തിലായിക്കഴിഞ്ഞിരുന്നു. മാധവനും പ്രണയകാര്യത്തില്‍ ഒട്ടും ഉദാസീനനായിരുന്നില്ല.

ചകിരിത്തൊഴിലാളിയായ ജാനകിയായിരുന്നു മാധവന്‍റെ പ്രേമഭാജനം. ജന്മി-മുതലാളിമാരുടെ പീഡനത്തിനെതിരായ തൊഴിലാളികളുടെ സംഘടിതനീക്കത്തില്‍ തൊഴിലാളി രക്തസാക്ഷിയായി. അതുവരെയും ലീല തന്‍റെ പെങ്ങളാണെന്ന സത്യം തിരിച്ചറിയാതിരുന്ന മാധവന്‍, രവിയുടെ വെടിയേറ്റു മരിക്കുന്നതിനു മുന്‍പ് ലീലയെ തിരിച്ചറിയുക മാത്രമല്ല, തന്‍റെ ആത്മസുഹൃത്തായ ഭാസിയുടെ സുരക്ഷിതമായ കൈകളില്‍ അവളെ ഏല്‍പിക്കുകയും ചെയ്യുന്നുണ്ട്. രവി നിയമത്തിന്‍റെ പിടിയിലും. സത്യന്‍, പ്രേംനസീര്‍,കൊട്ടാരക്കര ശ്രീധരന്‍ നായര്‍, മുതുകുളം, എസ്.പി.പിള്ള, ബഹദൂര്‍, സലാം, കുട്ടന്‍പിള്ള, കുമാരി, പ്രേമ, ആറന്മുള പൊന്നമ്മ, പങ്കജവല്ലി, അടൂര്‍ പങ്കജം, മുത്തയ്യ തുടങ്ങിയവരാണ് അഭിനയിച്ചത്. പാലാ നാരായണന്‍ നായരും വയലാര്‍ രാമവര്‍മയും എഴുതിയ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് വി.ദക്ഷിണാമൂര്‍ത്തി. എ.എം.രാജ, ജിക്കി, എല്‍.പി.ആര്‍.വര്‍മ, ശ്യാമള, മെഹബൂബ്, ലളിതാ തമ്പി എന്നിവരാണ് പാടിയത്. “ഇതു ജീവിതം താന്” എന്ന ഗാനം ആലപിച്ചുകൊണ്ട് ശ്യാമള ആദ്യമായി സിനിമാഗാനരംഗത്ത് തന്‍റെ സാന്നിധ്യമറിയിച്ചു.

1956 നവംബര്‍ 16-ാം തീയതി അവരുണരുന്നു റിലീസ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *