Reproduced with kind permission from the author, Ravi Menon
രാക്ഷസിയും പച്ചമാങ്ങയും ലജ്ജാവതിയും പകരുന്ന സൈക്കഡലിക് അനുഭീതിയില്‍ സ്വയം മറന്ന്, തീയേറ്ററുകളില്‍ ഉന്മാദന്യത്തമാടുന്ന തലമുറയ്ക്ക് വിശ്വസിക്കാന്‍ അല്‍പം പ്രയാസം തോന്നിയേക്കാം; പക്ഷേ സത്യമാണ്. മലയാളചലച്ചിത്രത്തിലെ ഗാനരംഗങ്ങള്‍ വെള്ളിത്തിരയില്‍ തെളിയുമ്പോള്‍ തിയേറ്റര്‍ ഒന്നടങ്കം താളമിട്ട് ഏറ്റുപാടിയിരുന്ന കാലമുണ്ടായിരുന്നു കേരളത്തില്‍ അരനൂറ്റാണ്ടുമുന്‍പത്തെ കഥ.
ഹാളിലെ കൂരിരുട്ടില്‍ മെഴുകുതിരി കത്തിച്ചുപിടിച്ച് ചിരട്ടകൊണ്ട് മറച്ച് പാട്ടുപുസ്തകം നോക്കി ഗാനങ്ങള്‍ ഏറ്റുപാടിയിരുന്ന ആ തലമുറ ഇന്ന് മിക്കവാറും അരങ്ങൊഴിഞ്ഞിരിക്കുന്നു. അവശേഷിക്കുന്നവര്‍ അന്നത്തെ ഗാനങ്ങള്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നു; കൗമാര സ്മരണകളുടെ ഭാഗമായി.
പടം നീലക്കുയില്‍. 1954-ല്‍ റിലീസായ ആ ചിത്രത്തിലെ ഗാനങ്ങള്‍ സ്വീകരിച്ചയത്ര ആവേശത്തോടെ മറ്റേതെങ്കിലും സിനിമാപാട്ടുകള്‍ മലയാളികള്‍ ഇടനെഞ്ചിലും ചുണ്ടുകളിലും ഏറ്റുവാങ്ങിയിട്ടുണ്ടോ എന്ന് സംശയം. തമിഴ്-ഹിന്ദി ഹിറ്റുകളുടെ വികലമായ അനുകരണങ്ങളും ഭാഗവതര്‍മാരുടെ കര്‍ണ്ണാടക സംഗീതക്കസര്‍ത്തുകളും മാത്രം സിനിമയില്‍ കേട്ടുശീലിച്ച മലയാളിയുടെ കാതില്‍ ആദ്യമായി വന്നു വീഴുകയായിരുന്നു മലയാളിത്തം നിറഞ്ഞ ഗാനങ്ങള്‍. പില്‍ക്കാലത്തും കാലത്തെ അതിജീവിച്ച ചലച്ചിത്രഗാനങ്ങള്‍ നമ്മുടെ ഭാഷയില്‍ പിറന്നിരിക്കാം. എങ്കിലും നീലക്കുയില്‍ സൃഷ്ടിച്ച തംരഗവുമായി താരതമ്യപ്പെടുത്താനാവില്ല അലയെ.
ഒമ്പതു ഗാനങ്ങളുണ്ടായിരുന്നു ചിത്രത്തില്‍ ആറു ഗായകരും. ഇത്രയും വൈവിധ്യമാര്‍ന്ന ഗാനങ്ങളും ശബ്ദങ്ങളും അണിനിരന്ന ചിത്രങ്ങള്‍ മലയാളസിനിമയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വം. ഇന്ന് പുതിയൊരു പാട്ടുകാരനെ രംഗത്തവതരിപ്പിക്കുന്നത് മഹാസാഹസികതയായി എഴുന്നള്ളിക്കുന്ന സംഗീത സംവിധാനയകരും സംവിധായകരും, “ബോക്സാഫീസ് മൂല്യം” കുറഞ്ഞ അരഡസന്‍ ഗായകരെ ഒരൊറ്റ പടത്തില്‍ പരീക്ഷിക്കാന്‍ രാഘവന്‍ മാഷ് കാണിച്ച ചങ്കൂറ്റത്തെ എന്തു വിളിക്കും?
പി.ലീലയും എ.എം രാജയും ജിക്കിയുമൊക്കെ കത്തിനില്‍കുന്ന കാലത്താണ് അതിപ്രശസ്ത ഗായകരെ തേടിപ്പോകാതെ, ഓരോ ഗാനത്തിനും കഥാപാത്രത്തിനും അനുയോജ്യമായ ശബ്ദങ്ങളെ രാഘവന്‍ മാഷ് മീലക്കുയിലില്‍ അവതരിപ്പിച്ചത്. ഇവരില്‍ കോഴിക്കോട് പുഷ്പ എന്ന കൊച്ചുപെണ്‍കുട്ടിയുമുണ്ടായിരുന്നു. നീലക്കുയിലിന് മുന്‍പ് സിനിമയില്‍ പാടിയിട്ടില്ല പുഷ്പ. കുട്ടിപ്പാട്ടുകള്‍ മുതിര്‍ന്ന ഗായികമാര്‍ തന്നെ ശബ്ദവ്യത്യാസം വരുത്തി (ഇന്നും ഈ പതിവ് തുടരുന്നു) വികലമായി പാടിയിരുന്ന കാലത്താണ് ഒരു കൊച്ചു പാട്ടുകാരിയെ മൈക്രോഫോണിനുമുന്നില്‍ നിര്‍ത്താന്‍ മാഷ് ധൈര്യം കാണിച്ചത്. കടലാസുവഞ്ചിയേറി എന്ന ആ ഗാനം രംഗത്ത് പാടി അഭിനയിച്ച പയ്യന്‍ ഇന്നു മലയാള സിനിമയിലെ തിരക്കേറിയ ക്യാമറമാനും സംവിധായകനുമൊക്കെയാണ്-വിപിന്‍ മോഹന്‍, പക്ഷേ പുഷ്പയുടെ ശ്ബ്ദം പിന്നീട് ഏറെയൊന്നും നാം സിനിമയില്‍ കേട്ടില്ല.
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നിന്‍റെ പിറവികൂടി കണ്ടു നീലക്കുയിലില്‍, പി.ഭാസ്കരന്‍-കെ.രാഘവന്‍ ! “സംഗീതബോധമുള്ള കവിയാണ് ഭാസ്കരന്‍. താളബോധമുള്ള ഒരു രചയിതാവുണ്ടെങ്കില്‍ സംഗീത സംവിധായകന്‍റെ ജോലി താരതമ്യേന എളുപ്പമാകുന്നു. ഞങ്ങളുടെ കൂട്ടുകെട്ടിന്‍റെ വിജയത്തിനു പിന്നിലെ പ്രധാനഘടകം അതായിരിക്കാം.”
നീലക്കുയിലിനു മുന്‍പ് വെളിച്ചം കാണാതെ പോയ രണ്ടു പടങ്ങളില്‍ ഭാസക്കരനും രാഘവനും ഒന്നിച്ചിട്ടുണ്ട്. കതിരുകാണാക്കിളിയിലും പുള്ളിമാനിലും. എസ്.കെ.പൊറ്റെക്കാടിന്‍രെ പുള്ളിമാന്‍ വാസുക്കുട്ടിനായരും രാമുകാര്യാട്ടുമൊക്കെച്ചേര്‍ന്നു സിനിമയാക്കാന്‍ ശ്രമിക്കുന്നകാലം. തിരുവനന്തപുരത്ത് പണ്ടത്തെ ഒരു വീട്ടില്‍ വെച്ച് ചിട്ടപ്പെടുത്തിയ പുള്ളിമാനിലെ ഗാനങ്ങളില്‍ ഒന്നെങ്കിലും മാഷിന്‍റെ ഓര്‍മ്മയില്‍ ഇന്നുമുണ്ട്. ചന്ദ്രനുറങ്ങി താരമുറങ്ങി ചന്ദനം ചാര്‍ത്തിയ രാവുറങ്ങി…. പുറത്തുവന്നിരുന്നെങ്കില്‍ കോഴിക്കോട് അബ്ദുള്‍ ഖാദര്‍ പാടിയ ഏറ്റവും മികച്ച ഗാനമായേനേ അത്.
പുള്ളിമാനില്‍ രാഘവന്‍റെ സഹായിയായി എത്തിയത് എം.എസ്.ബാബു രാജ്. വര്‍ഷങ്ങള്‍ക്കുശേഷം പുള്ളിമാന്‍ മറ്റൊരു കൂട്ടര്‍ സിനിമയാക്കിയപ്പോള്‍ സംഗീതസംവിധായകന്‍ ബാബുരാജായിരുന്നുവെന്നത് യാദൃച്ഛികമാകാം.
രാഘവന്‍മാഷിന്‍റെ ജീവിതത്തിലേക്ക് നീലക്കുയില്‍ കടന്നുവരുന്നത് പി.ഭാസ്ക്കരന്‍റെ ഒരു കത്തിലൂടെയാണ്. “എറണാകുളത്തുള്ള ഒരു ടി.കെ പരീക്കുട്ടി സിനിമയെടുക്കുന്നു. പാട്ടിന്‍റെ ചുമതല നമുക്ക് രണ്ടുപേര്‍ക്കുമാണ്.അതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കോഴിക്കോട് ആര്യഭവനിലെത്തണം ” – കത്തിന്‍റെ രത്നച്ചുരുക്കം അതായിരുന്നു.
ആര്യഭവനിലെ ആ ‘ചരിത്രസംഗമം’ മാഷ് മറന്നിട്ടില്ല. ഉറൂബും ഭാസ്കരനും രാമുവും പരീക്കുട്ടിയുമൊക്കെയുണ്ടായിരുന്നു മുറിയില്‍. ആയിരം രൂപയാണ് സംഗീത സംവിധായകന് കൊടുക്കാനുദ്ദേശിക്കുന്നതെന്ന് പരീക്കുട്ടി സാഹിബ് അന്നേ വ്യക്തമാക്കി. അന്നത്തെ നിലവാരമനുസരിച്ച് മോശമല്ലാത്ത തുകയായിരുന്നു അത്. നായകനടനായ സത്യന് മൂവായിരം രൂപ പ്രതിഫലം കിട്ടുന്ന കാലം. ആലുവായ്ക്കടുത്ത് തോട്ടക്കാട്ടുകരയിലെ ഒരു വാടകവീട്ടില്‍ വെച്ചായിരുന്നു പി.ഭാസ്കരന്‍റെ പാട്ടെഴുത്തും രാഘവന്‍ മാഷിന്‍റെ കംപേസിങ്ങും. കായലരികത്തു വലയെറിഞ്ഞപ്പോള്‍ ട്യൂണ്‍ ചെയ്യുന്ന സമയത്ത് നിര്‍മാതാവ് ടി.കെ പരീക്കുട്ടിയുമുണ്ടായിരുന്നു മുറിയില്‍. ഹാര്‍മോണിയം വായിച്ച രാഘവന്‍ ഉയര്‍ന്ന സ്ഥായിയില്‍ പാട്ടുപാടി കേള്‍പ്പിച്ചപ്പോള്‍ പരീക്കുട്ടി സാഹിബിന് പെരുത്തു സന്തോഷം. “നല്ല പഷ്ട പാട്ട്. ഇതായിരിക്കും സിനിമയിലെ ഏറ്റവും ഹിറ്റാകുന്ന പാട്ട്. നമുക്ക് ഇത് ഹാജിയെക്കൊണ്ട് അസ്സലായിട്ടു പാടിക്കണം”, പരീക്കുട്ടിയുടെ വാക്കുകള്‍ ഇന്നും രാഘവന്‍ മാഷിന്‍റെ ഓര്‍മയിലുണ്ട്.
കൊച്ചിക്കാരന്‍ അബ്ദുല്‍ ഖാദര്‍ എന്ന ഗായകനാണ് ഈ ഹാജി.ഭാസ്കരന്‍ മാസ്റ്ററുടെ ആഗ്രഹമായിരുന്നു പാട്ട് ഹാജിയെക്കൊണ്ട് പാടിക്കണമെന്ന്. ഈണം തയ്യാറായ ശേഷം ഒരു വൈകുന്നേരം ഹായിയെ തോട്ടക്കാട്ടുകരയിലേക്ക് ക്ഷണിച്ചു വരുത്തുന്നു.നിര്‍മാതാവിനെ പാട്ടുപാടികേള്‍പ്പിക്കുകയാണ് ഉദ്ദേശ്യം.
രാഘവന്‍ മാഷ് ഹാര്‍മോണിയത്തില്‍ ശ്രുതിമീട്ടവേ ഹാജി അബ്ദുല്‍ ഖാദര്‍ കായലരികത്ത് പാടിത്തുടങ്ങുന്നു. രണ്ടു വരിപാടിക്കേട്ടപ്പോഴേ പരീക്കുട്ടി സാഹിബ് മുറിവിട്ടു പുറത്തിറങ്ങിയെന്നു രാഘവന്‍. പാട്ടു തീര്‍ന്നപ്പോള്‍ രാഘവന്‍ മാഷിനെ ഒരു മൂലയിലേക്കു മാറ്റിനിര്‍ത്തി നിര്‍മാതാവ് പറഞ്ഞു: “വേണ്ട ഇത് മാഷ് തന്നെ പാടിയാല്‍ മതി”
ഓര്‍ക്കസ്ട്ര കൂടി വരുമ്പോള്‍ ശരിയാകുമെന്ന് രാഘവന്‍ പറഞ്ഞുനോക്കിയെങ്കിലും രക്ഷയില്ല. ചെന്നൈയിലെ വാഹിനി സ്റ്റുഡിയോയില്‍ പാട്ട് റിക്കോര്‍ഡ് ചെയ്യുമ്പപോള്‍ (അര്‍ധരാത്രി കഴിഞ്ഞാണ് കായലരികത്ത് റിക്കോര്‍ഡ് ചെയ്തതെന്ന മാഷ് ഓര്‍ക്കുന്നു) പരീക്കുട്ടിയുമുണ്ടായിരുന്നു. അവിടെയും പരീക്കുട്ടി സാഹിബ് തന്‍റെ തീരുമാനം ആവര്‍ത്തിട്ടു. “രാഘവന്‍ മാഷ് പാടിയാലേ ഞാന്‍ ഉദ്ദേശിക്കുന്ന ഫലം കിട്ടൂ” ഗത്യന്തരമില്ലാതെ മാഷ് പാട്ടുപാടി റിക്കേര്‍ഡ് ചെയ്യുന്നു. പിന്നീടുള്ളത് ചരിത്രമാണ്.
അന്നത്തെ പ്രശസ്ത ശബ്ദലേഖകന്‍ കൃഷ്ണയ്യരാണ് വാഹിനി സ്റ്റുഡിയോയില്‍ വെച്ച് നീലക്കുയിലിലെ ഒന്‍പതു ഗാനങ്ങളും റിക്കോര്‍ഡ് ചെയ്തത്. ഗായകനും വാദ്യവിഭാഗത്തിനുമെല്ലാം കൂടി ഒരൊറ്റ ദിവസമാണ് റിക്കോര്‍ഡ് ചെയ്തതെന്ന് രാഘവന്‍ മാഷ് ഓര്‍ക്കുന്നു. ഒരു കാള്‍ഷീറ്റില്‍ നാലുപാട്ടുകള്‍ റിക്കോര്‍ഡ് ചെയ്യുന്നത് അന്ന് അപൂര്‍വതയായിരുന്നു. ചില പാട്ടുകള്‍ ആലേഖനം ചെയ്തത് രാത്രിയുടെ അന്ത്യയാമങ്ങളില്‍.
കായലരികത്തിനു പുറമെ എല്ലാരും ചൊല്ലണ്, കുയിലിനെത്തേടി (ജാനമ്മ ഡേവിഡ്),എങ്ങനെ നീ മറക്കും (കോഴിക്കോട് അബ്ദുല്‍ഖാദര്‍),കടലാസു വഞ്ചിയേറി (പുഷ്പ),ഉണരുണരൂ ഉണ്ണിക്കണ്ണാ(ശാന്താ പി.നായര്‍), മാനെന്നും വിളിക്കില്ല(മെഹബൂബ്),ജിംതക്കംതാരോ(രാഘവന്‍ കോറസ്), മിന്നും പൊന്നിന്‍ കിരീടം എന്നിവയായിരുന്നു ‘നീലക്കുയിലി’ലെ ഗാനങ്ങള്‍.
അതുവരെയുള്ള പതിവില്‍ നിന്ന് വ്യത്യസ്തമായി ഓരോ കഥാപാത്രത്തിനും ‘വായില്‍കൊള്ളുന്ന’ വരികളാണ് ഭാസ്കരന്‍ എഴുതിയത്. അനാവശ്യമായ സംസ്കൃത പദപ്രയോഗങ്ങളില്ല; ഭാവനയുടെ കാടുകയറ്റമില്ല. ഒരു കീഴാളപ്പെണ്‍കൊടിയുടെ സ്വപ്നങ്ങള്‍ ശബ്ദത്തില്‍ ആവിഷ്ക്കരിക്കാന്‍ കഴുയുന്ന ഗായികയെത്തന്നെ ഈ വരുകള്‍ പാടാന്‍ ലഭിക്കണമെന്നത് രാഘവന്‍ മാഷിന്‍റെ നിര്‍ബന്ധമായിരുന്നു. അങ്ങനെ മദ്രാസ് ആകാശവാണിയില്‍ ആര്‍ട്ടിസ്റ്റായിരുന്ന ജാനമ്മ ഡേവിഡിനെ നീലക്കുയിലില്‍ പാടാന്‍ മാഷ് ക്ഷണിക്കുന്നു.
അമ്മ(അരുതേ പൈങ്കിലിയേ) ആത്മശാന്തി (നീയേ ശരണമെന്‍)എന്നീ ചിത്രങ്ങളില്‍ ഒന്നുരണ്ടു പാട്ട് നേരത്തെ പാടിയിരുന്നെങ്കിലും ജാനമ്മയുടെ ശബ്ദത്തിന്‍റെയും ആലാപന ശൈലിയുടെയും സാധ്യതകള്‍ ആവശ്യമായി പ്രയോജനപ്പെടുത്തിയത് രാഘവന്‍ മാഷായിരുന്നു. “മാസ്റ്റര്‍ അങ്ങനെ ക്ഷണിച്ചിരുന്നില്ലെങ്കില്‍ വല്ല പള്ളിയിലും പാടി ഞാനെന്‍റെ സംഗീതജീവിതം മറക്കേണ്ടിവന്നേനേ.” വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കൂടിക്കാഴ്ചയില്‍ ജാനമ്മ വികാരധീനയായി പറഞ്ഞ വാക്കുകള്‍ ഓര്‍മയുണ്ട്.
ഓര്‍ക്കാന്‍ കൗതുകമുള്ള മറ്റൊരു കാര്യം: ജാനമ്മ പാടിയ കുയിലിനെത്തേടി, നാലു പതിറ്റാണ്ടിനുശേഷം തെന്നിന്ത്യന്‍ സിനിമാസംഗീതത്തില്‍ പുതിയൊരു തരംഗം തന്നെ സൃഷ്ടിച്ച ഒട്ടകത്തെ കെട്ടിക്കോ ആയി വേഷം മാറിവന്നത് നാം കേട്ടു. ഈണത്തിലെ സാമ്യം യാദൃച്ഛികമാകാം. എങ്കിലും “ഒട്ടകം” വിസ്മൃതിയിലാണ്ടിട്ടും “കുയിലിനെത്തേടി” കാലത്തിന്‍റെ പരീക്ഷണങ്ങള്‍ അതി ജീവിച്ച് ഇന്നും ആസ്വാദകഹൃദയങ്ങളില്‍ ജീവിക്കുന്നത് നാം അറിയുന്നു!
കോഴിക്കോട് അബ്ദുല്‍ഖാദറിന്‍റെ വിഷാദമധുരമായ ശബ്ദമായിരിക്കും എങ്ങനെ നീ മറക്കും എന്ന ഗാനത്തിന് ഏറ്റവും അനുയോജ്യമെന്ന രാഘവന്‍ മാഷിന്‍റെ കണക്കുകൂട്ടല്‍ പിഴച്ചില്ല. ഖാദറിനെ ഇന്നു നാം ഓര്‍ക്കുന്നത് ഈ ഗാനത്തിന്‍റെ പേരിലാണ്. വേറെയും വിഷാദമധുര ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ടെങ്കിലും ‘ പഹാഡി’ യുടെ സ്പര്‍ശമുള്ള എങ്ങനെ നീ മറക്കും മലയാള സിനിമയില്‍ കേട്ട ഏറ്റവും മികച്ച ഗസലുകളില്‍ ഒന്നായി നിലനില്‍ക്കുന്നു.
മെഹബൂബിനെ ജീവിതനൗകയിലൂടെ അവതരിപ്പിച്ചത് ദക്ഷിണാമൂര്‍ത്തിയാണെങ്കിലും അപാരസിദ്ധികളുള്ള ഈ ഗായകനെ മലയാള സിനിമയില്‍ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയിട്ടുള്ളത് രാഘവന്‍ മാഷാണ്. ബഹദൂർ നായകനായ നീലിസാലിയില്‍ മുഖ്യഗായകനായി മെഹബൂബിനെ അവതിരിപ്പിക്കാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. ഈ സിനിമയിലെ ഗാനങ്ങളെല്ലാം ഹിറ്റുമായിരുന്നു. ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ, നീയല്ലാതാരുണ്ടെന്നുടെ, മനുഷ്യന്‍റെ നെഞ്ചില്‍, നയാപൈസയില്ല, അരയ്ക്കാ രൂപ മാറാന്‍…
പലപ്പോഴും സിനിമയില്‍ പാടാന്‍ ക്ഷണവുമായി വരുന്നവരില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ച ഈ അപൂര്‍വഗായകനെ മൈക്കിനുമുന്നില്‍ നിര്‍ത്താന്‍ പെട്ട പാട് ഒരിക്കല്‍ മാഷ് പറഞ്ഞുകേട്ടിട്ടുണ്ട്. പാടിത്തുടങ്ങിയാല്‍ മെഹബൂബ് ആളാകെ മാറും. സംഗീതസംവിധായകന്‍റെ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് മനോധര്‍മത്താല്‍ കടന്നുചെല്ലാന്‍ കഴിവുള്ള ഈ ഗായകന്‍റെ മാനെന്നും വിളിക്കില്ല, അനുകര്‍ത്താക്കള്‍ക്കുപോലും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഇന്നും നിലനില്‍ക്കുന്നു.
രാഘവന്‍ മാസ്റ്ററു കൂട്ടരും നീലക്കുയിലിനു വേണ്ടി പാടിയ ജിംതക്കം താരോ എന്ന ഫോക്ക് ഗാനം ഏറ്റുപാടി നടന്ന കുട്ടിക്കാലം പ്രശസ്ത സംഗീതസംവിധായകന്‍ എം.കെ അര്‍ജുനന്‍റെ ഓര്‍മയിലുണ്ട്. “അന്നൊക്കെ എത്രയോ ചെറുപരിപാടികളില്‍ ഞാന്‍ ഈ പാട്ടുപാടിയിട്ടുണ്ട്. മണ്ണിന്‍റെ മരമുള്ള ഈണം; രാഘവന്‍ മാസ്റ്ററുടെ ആലാപനമാണെങ്കില്‍ അതിഗംഭീരം! നീലക്കുയില്‍ അന്നത്തെ യുവതലമുറയില്‍ ഉണ്ടാക്കിയ ചലനം അഭൂതപൂര്‍വമായിരുന്നു”- അര്‍ജുനന്‍ ഓര്‍ക്കുന്നു.
സിനിമാഗാനങ്ങളോട് സാംസ്കാരികലോകത്തെ ‘ഉപരിമണ്ഡലം’ കാണിച്ചിരുന്ന തൊട്ടുകൂടായ്മ ഇല്ലാതാക്കാനും നല്ലൊരു പരിധിവരെ “നീലക്കുയിലി”ലെ ഗാനങ്ങള്‍ സഹായകമായി എന്നതാണ് കൗതുകകരം. ഗൗരവമാര്‍ന്ന വിഷയങ്ങള്‍ മാത്രം ചര്‍ച്ചചെയ്തിരുന്ന സാഹിത്യപരിഷത്ത് യോഗത്തില്‍വരെ ഈ ചിത്രത്തിലെ ഗാനങ്ങള്‍ പരാമര്‍ശ വിഷയമായി “നാമൊക്കെ കവിത എഴുതിയതുകൊണ്ട് എന്തു കാര്യം? നീലക്കുയിലിലെ ഗാനങ്ങള്‍ കേട്ടില്ലേ? കവിത എന്ന നിലയില്‍ അവ മതി ഇന്ന് ജനങ്ങള്‍ക്ക്” – ഉദ്ഘാടന പ്രസംഗത്തില്‍ കെ.കെ രാജ പറഞ്ഞു. സദസ്സിന്‍റെ ഒഴിഞ്ഞ ഒരു മൂലയില്‍ എല്ലാം കേട്ടിരുന്ന യുവാവായ ഗാനരചയിതാവ് പി.ഭാസ്കരന് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്.
“സ്വന്തം സൃഷ്ടികളുടെ വരികള്‍, അവിചാരിത കേന്ദ്രങ്ങളില്‍ വെച്ച് അപ്രതീക്ഷിത സന്ദര്‍ഭങ്ങളില്‍ പ്രസിദ്ധരും അപ്രസിദ്ധരുമായ വ്യക്തികള്‍ ചൊല്ലിക്കേള്‍ക്കുമ്പോള്‍ ആഹ്ലാദം തോന്നാറുണ്ടെനിക്ക് “- പി.ഭാസ്കരന്‍ പറയുന്നു. നീലക്കുയിലിലെ കായലരികത്ത് എന്ന ഗാനവുമായി ബന്ധപ്പെട്ടാണ് എന്‍റെ ഇത്തരം ഓര്‍മകള്‍ ഏറെയും.
അറുപതുകളുടെ ആരംഭത്തില്‍ വയനാട്ടില്‍ നിന്ന് താമരശ്ശേരി വരെ അര്‍ധരാത്രിയോടടുപ്പിച്ച് നടത്തിയ ഒരു ലോറിയാത്രയുടെ കഥ ഭാസ്ക്കരന്‍ മാസ്റ്റര്‍ വിവരിച്ചു കേട്ടിട്ടുണ്ട്. “സുഹൃത്ത് എം.അബ്ദുറഹ്മാനും ഉണ്ടായിരുന്നു ഒപ്പം. ലോറിഡ്രൈവറും ക്ലീനര്‍മാരും തീര്‍ത്തും അപരിചിതര്‍. യാത്രക്കിടെ ഡ്രൈവര്‍ ഖാദറുമായി ഞങ്ങള്‍ സൗഹൃദത്തിലായി. ഞങ്ങളാരെന്നോ ഊരും പേരും ഏതെന്നോ പറയുന്നതിനു മുന്‍പുതന്നെ ഖാദര്‍ തന്‍റെ മധുരമായ ശബ്ദത്തില്‍ പാടാന്‍ തുടങ്ങി – കായലരികത്തു വലയെറിഞ്ഞപ്പോള്‍……”
“നീലക്കുയില്‍ സിനിമ വന്നിട്ട് ഏറെക്കാലമായിരുന്നില്ല. ന്യായമായും എനിക്ക് അഭിമാനം തോന്നി. ഖാദര്‍ പാടുക മാത്രമല്ല ചെയ്തത്. ആ പാട്ടിന്‍റെ സ്വാരസ്യത്തെപ്പറ്റി നാടന്‍ശൈലിയില്‍ ഒരു നിരൂപണംവരെ നടത്തി. ഒരു പാട്ടെഴുത്തുകാരനെന്ന നിലയില്‍ ഞാന്‍ ആഹ്ലാദിച്ച നിമിഷങ്ങളിലൊന്നായിരുന്നു അത്.”
പിന്നീടൊരിക്കല്‍ ഡല്‍ഹിയിലെ വസതിയില്‍ വെച്ച് സര്‍ദാര്‍ കെ.എം പണിക്കര്‍ ഈ ഗാനത്തിന്‍റെ ആസ്വാദ്യതയെക്കുറിച്ച് ദീര്‍ഘമായി വിവരച്ചു കേട്ടതും ഭാസ്കരന്‍റെ ഓര്‍മയിലുണ്ട്- തന്‍റെ മുന്നില്‍ നില്‍ക്കുന്ന യുവാവാണ് ഗാനം രചിച്ചതെന്ന് അറിയാതെതന്നെ.
എറണാകുളത്തെ ഒരു തിയേറ്ററില്‍ നിന്നാണ് രാഘവന്‍ മാഷ് നീലക്കുയില്‍ കാണുന്നത്. ഓരോ പാട്ടും വരുമ്പോള്‍ ജനത്തിന്‍റെ ഉത്സാഹത്തോടെയുള്ള പ്രതികരണം കണ്ട് മാഷിന്‍റെ കണ്ണുനിറഞ്ഞുപോയി. നീലക്കുയില്‍ തലശ്ശേരിയില്‍ മുകുന്ദ് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ അച്ഛന്‍ കൃഷ്ണനെ കുതിരവണ്ടിയില്‍ കൊണ്ടുപോയി കാണിച്ചതും മാഷിന്‍റെ ഓര്‍മ്മയിലുണ്ട്. ഗായകനായ അച്ഛന് മകന്‍ പടച്ചുവിട്ട പാട്ടുകളൊക്കെ ഇഷ്ടമായി. നീലക്കുയിലന്‍റെ ശില്പികളില്‍ ഭൂരിഭാഗവും ഇന്നില്ല. രാമു കാര്യാട്ട്, പി.ഭാസ്കരന്‍, പരീക്കുട്ടി സാഹിബ്, ഉറൂബ്, അബ്ദുല്‍ഖാദര്‍, ജാനമ്മ ഡേവിഡ്,മെഹബൂബ്, സത്യന്‍, മിസ്.കുമാരി….. എല്ലാവരും കഥാവശേഷരായിരിക്കുന്നു.
മരണത്തെ അതിജീവിച്ച ആ ചിത്രത്തിലെ ഗാനങ്ങള്‍, പക്ഷേ ഇന്നുമുണ്ട് മലയാളികളുടെ മനസ്സില്‍; ഒരു കാലഘട്ടത്തിന്‍റെ തിരുശേഷിപ്പുകളായി.